വിഴിഞ്ഞം; പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതിനനുസരിച്ച് ആദ്യഘട്ടം കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി വാസവൻ
Saturday, March 22, 2025 7:32 AM IST
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ ഒന്നാം ഘട്ടം കഴിഞ്ഞ ഡിസംബർ മൂന്നോടെ പൂർത്തിയായെന്ന് മന്ത്രി വി.എൻ. വാസവൻ. പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്നതിനനുസരിച്ച് ആദ്യ ഘട്ടം കമ്മീഷൻ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
232 ചരക്ക് കപ്പലുകളിൽ നിന്നായി അഞ്ച് ലക്ഷത്തോളം കണ്ടെയ്നറുകൾ ഇതുവരെ വിഴിഞ്ഞത്ത് കൈകാര്യം ചെയ്തു. ഫെബ്രുവരിയിൽ മാത്രം 72,000 ത്തോളം കണ്ടെയ്നറുകളാണ് എത്തിയത്. തുടർ പദ്ധതിക്ക് പരിസ്ഥി അംഗീകാരം ലഭിക്കുകയും ആവശ്യമായ ധാരണാപത്രങ്ങൾ ഒപ്പുവയ്ക്കുകയും ചെയ്തു കഴിഞ്ഞു. കമ്മീഷനിംഗ് കഴിഞ്ഞാൽ തുടർ നടപടികൾ പൂർത്തിയാക്കും.
വൻകിട പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ ഭാഗമായി നഷ്ടങ്ങളുണ്ടാകുന്ന ജനതയെ ചേർത്തു നിർത്തണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ജീവനോപാധി നഷ്ട്ടപ്പെട്ടവർക്ക് സാമൂഹിക ക്ഷേമ പദ്ധതികൾ മുൻകൂട്ടി തയാറാക്കുകയും ജനങ്ങൾക്ക് മുന്നിൽ അവ ചർച്ച ചെയ്ത് അംഗീകരിക്കുകയും ചെയ്തു.
പദ്ധതിയുടെ തുടർച്ചയായി റെയിൽവേപ്പാലം, തുരങ്ക പാത, റോഡുകൾ എന്നിവ ദ്രുത ഗതിയിൽ പൂർത്തിയാകുന്നതോടെ ചരക്ക് ഗതാഗത മേഖലയിൽ വലിയ വളർച്ചയുണ്ടാകും. ഇത് തൊഴിലവസരങ്ങൾ വർധിപ്പിച്ചും വിഴിഞ്ഞം ജനതയുടെ ജീവിത നിലവാരം ഉയർത്തിയും വികസനരംഗത്ത് വിസ്മയം സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു.