ഐപിഎൽ പൂരത്തിന് ഇന്ന് കൊടിയേറും
Saturday, March 22, 2025 6:17 AM IST
കോൽക്കത്ത: ഐപിഎൽ 18-ാം സീസണിന് ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഏറ്റുമുട്ടും. കോൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ രാത്രി 7.30ന് മത്സരം ആരംഭിക്കും.
ഇരു ടീമും പുതിയ ക്യാപ്റ്റന്മാർക്കു കീഴിലാണ് പോരാട്ടത്തിനിറങ്ങുന്നത്. മൂന്നു തവണ കപ്പുയർത്തിയ കോൽക്കത്തയെ അജിങ്ക്യ രഹാനയും ബംഗളൂരുവിനെ രജത് പാട്ടിദാറും നയിക്കും.
പുതിയ സീസണിൽ നിയമങ്ങളില്‍ ചില സുപ്രധാന ഭേദഗതികള്‍ ബിസിസിഐ വരുത്തിയിട്ടുണ്ട്. സ്ലോ ഓവര്‍ റേറ്റിന് ഇനി ക്യാപ്റ്റന്മാര്ക്ക് വിലക്ക് ലഭിക്കില്ല. പകരം ക്യാപ്റ്റന്മാര്ക്ക് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിക്കും. മൂന്നുവര്‍ഷത്തേക്ക് സാധുതയുള്ള ഡീമെറിറ്റ് പോയിന്റുകളാണ് ലഭിക്കുക.
വിലക്ക് നീക്കണമെന്ന് ബൗളര്‍മാര്‍ നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐയുടെ തീരുമാനം. പന്തില്‍ ഉമിനീര് പുരട്ടുന്നതിലെ വിലക്ക് നീക്കി ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് കൊണ്ടുവന്നത്. അതേസമയം ഇംപാക്ട് പ്ലെയര്‍ നിയമം തുടരും.
ബിസിസിഐ ആസ്ഥാനത്തു നടന്ന ക്യാപ്റ്റന്മാരുടെ യോഗത്തിലാണ് പുതിയ തീരുമാനം.