പിണറായിക്ക് ഇളവ്, ഞാൻ ഒഴിയും: ബൃന്ദ കാരാട്ട്
Friday, March 21, 2025 9:15 PM IST
ചെന്നൈ: സിപിഎം ദേശീയതലത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്നും എന്നാൽ, കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായപരിധിയിൽ ഇളവ് നൽകുമെന്നും പോളിറ്റി ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ബിജെപി ശക്തമായി എതിർക്കുന്ന സർക്കാരിനെ നയിക്കുന്ന മുതിർന്ന നേതാവ് എന്ന പരിഗണന പിണറായി വിജയന് ലഭിക്കുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
കേരള മുഖ്യമന്ത്രിക്ക് നേരത്തെയും ഇളവ് നൽകിയിട്ടുണ്ടെന്നും കൂടുതൽ പുതിയ നേതാക്കൾ നേതൃത്വത്തിൽ എത്തണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. ചെന്നൈയിൽ പാർട്ടി സമ്മേളനത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ബൃന്ദ കാരാട്ട്.
തനിക്കിപ്പോൾ 77 വയസാണു പ്രായമെന്നും മധുര പാർട്ടി കോൺഗ്രസോടെ താൻ പോളിറ്റ് ബ്യൂറോയിൽനിന്ന് ഒഴിയുമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ശനിയാഴ്ച ഡൽഹിയിൽ ചേർന്ന് പാർട്ടി കോൺഗ്രസിനു മുന്നോടിയായി സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്യും. ഏപ്രിൽ രണ്ടു മുതൽ ആറുവരെയാണ് മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുന്നത്.