കൈതപ്രം കൊലക്കേസ്; രാധാകൃഷ്ണന്റെ നെഞ്ചിൽ വെടിയുണ്ട തുളച്ചു കയറി, സന്തോഷ് എത്തിയത് കത്തിയും തോക്കുമായി കൊല്ലാനുറച്ച്
Friday, March 21, 2025 5:19 PM IST
കണ്ണൂർ: കൈതപ്രത്ത് വെടിയേറ്റ് മരിച്ച ഓട്ടോ ഡ്രൈവർ രാധാകൃഷ്ണന്റെ നെഞ്ചിലേക്ക് വെടിയുണ്ട തുളച്ചു കയറിയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇത് മരണകാരണമായെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നാടൻ തോക്കാണ് പ്രതി സന്തോഷ് കൊലയ്ക്ക് ഉപയോഗിച്ചത്.
തോക്കും കത്തിയും കൈയിൽ കരുതി രാധാകൃഷ്ണനെ കൊല്ലാൻ ഉറച്ചാണ് സന്തോഷ് എത്തിയത്. വ്യാഴാഴ്ച രാവിലെ രാധാകൃഷ്ണന്റെ ഫോണിൽ വിളിച്ച് സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നു.
നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ എത്തുന്ന സമയം മനസ്സിലാക്കി ഒളിച്ചിരുന്നുവെന്നും സന്തോഷ് മൊഴി നൽകി. വീട്ടിലേക്ക് കയറി നിമിഷങ്ങൾക്കുളളിൽ വെടിയുതിർത്തു. സന്തോഷിന്റെ ഭാര്യയുമായുള്ള സൗഹൃദം വിലക്കിയത് പ്രകോപനമായെന്ന് സന്തോഷ് പറഞ്ഞു.
കേസിലെ പ്രതിയായ സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു. കുടുംബപ്രശ്നങ്ങൾ മൂലം രാധാകൃഷ്ണന്റെ ഭാര്യയും സന്തോഷും തമ്മിലെ സൗഹൃദം മുറിഞ്ഞത് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
മരിച്ച രാധാകൃഷ്ണൻ ബിജെപിയുടെ സജീവ പ്രവർത്തകനാണ്. ഇയാളുടെ ഭാര്യ ബിജെപിയുടെ ജില്ലാ കമ്മിറ്റിയംഗമാണ്. കൊലയാളിയായ സന്തോഷ് അവിവാഹിതനാണ്. രാധാകൃഷ്ണനും ഭാര്യയ്ക്കും രണ്ട് മക്കളുണ്ട്.
വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയത്. നിർമാണത്തിലിരിക്കുന്ന വീട്ടിൽ രാധാകൃഷ്ണൻ പതിവായെത്തുന്ന നേരം നോക്കി സന്തോഷ് അങ്ങോട്ടേക്ക് തോക്കുമായി എത്തിയെന്നാണ് നിഗമനം.