സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും; സ്കൂള്‍ ബസുകളുടെ അകത്തും പുറത്തും കാമറ വയ്ക്കണം: മന്ത്രി ഗണേഷ് കുമാർ
Friday, March 21, 2025 4:45 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ മത്സരയോട്ടം കര്‍ശനമായി നിയന്ത്രിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു. സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഏറ്റുവുമധികം മരണങ്ങള് ഉണ്ടാക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റെയും പോലീസിന്റെയും സംയുക്തമായ ഇടപെടലില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കും.
എല്ലാ സ്കൂള്‍ ബസുകളുടെയും അകത്തും പുറത്തു കാമറ വയ്ക്കണം. മേയില്‍ ഫിറ്റ്നസിന് വരുമ്പോള്‍ മൂന്നോ നാലോ കാമറ സ്കൂള്‍ ബസുകളില്‍ ഉണ്ടായിരിക്കണമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു.ജൂണ്‍ ഒന്നിന് മുന്‍പ് എല്ലാ സ്കൂള്‍ ബസുകളും ഫിറ്റ്നസ് ടെസ്റ്റ് പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ എന്‍ഫോഴ്സ്മെന്റ് കൂടുതല്‍ ശക്തമാക്കുമെന്നും കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തൃശൂര്‍ ജില്ലകളിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം ഏറ്റവുമധികം മരണമുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടുവെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ഡ്രൈവിംഗ് സ്കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്നും നേരത്തെ 78- 80 ശതമാനം ഉണ്ടായിരുന്നതാണ് ഇപ്പോള്‍ കുറഞ്ഞതെന്നും മന്ത്രി പറഞ്ഞു. ക്വാളിറ്റി ഓഫ് എഡ്യൂക്കേഷന്‍ ആണ് മോട്ടോര്‍ വാഹന വകുപ്പ് ലക്ഷ്യമിടുന്നത്.
നല്ല ഡ്രൈവിംഗ് സംസ്കാരം ഉണ്ടാക്കിയെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം ഡ്രൈവിംഗ് സ്കൂളുകളുടെ നിലവാരം ഉയര്‍ന്നു തന്നെയാണ് നില്‍ക്കുന്നതെന്നും എങ്ങനെയെങ്കിലും എച്ച് എടുക്കുക, തട്ടിക്കൂട്ടി എട്ട് എടുക്കുക എന്ന മുൻരീതിയില്‍ മാറ്റമുണ്ടായി എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.