കുറുപ്പംപടി പീഡനം; പെണ്‍കുട്ടികളുടെ അമ്മയ്ക്കെതിരേ കേസെടുക്കും
Friday, March 21, 2025 3:10 PM IST
പെരുന്പാവൂർ: കുറുപ്പംപടിയിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മയ്ക്കെതിരേ കേസെടുക്കും. പീഡനവിവരം അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്ന് പ്രതി മൊഴി നൽകിയിരുന്നെങ്കിലും ആദ്യം പോലീസ് ഇത് മുഖവിലയ്ക്കെടുത്തിരുന്നില്ല. കുട്ടികൾ മജിസ്ട്രേറ്റിന് കൊടുത്ത രഹസ്യമൊഴിയുടെ കൂടി പകർപ്പ് ലഭിച്ച ശേഷമാണ് അമ്മയെ പ്രതി ചേർക്കാൻ പോലീസ് തീരുമാനിച്ചത്.
പീഡനവിവരം അറിഞ്ഞിട്ടും അത് മറച്ചുവച്ചതിനാണ് ഇവർക്കെതിരേ കേസെടുക്കുക. പോലീസ് ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുകയാണ്.
പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്താണ് കേസിലെ പ്രതിയായ ധനേഷ്. 10,12,വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ രണ്ട് വർഷത്തോളം പീഡനത്തിനിരയായത്. സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കുട്ടികളിൽ ഒരാൾ പീഡനവിവരം പേപ്പറിൽ എഴുതി സ്കൂളിലെ കൂട്ടുകാരിക്ക് കൊടുത്തു. ഇത് അധ്യാപികയുടെ കൈവശം കിട്ടി. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.