ജസ്റ്റീസ് യശ്വന്ത് വർമയുടെ വസതിയിൽ നിന്നും പണം കണ്ടെടുത്ത സംഭവം; ഞെട്ടിച്ചുവെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ്
Friday, March 21, 2025 2:33 PM IST
ന്യൂഡൽഹി: ജസ്റ്റീസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെടുത്ത സംഭവം ഞെട്ടിച്ചുവെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡി.കെ. ഉപാധ്യായ. മുതിർന്ന അഭിഭാഷകൻ അരുൺ ഭരദ്വാജ് കോടതിയിൽ ഈ വിഷയം പരാമർശിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്നത്തെ സംഭവം നമ്മളിൽ പലരെയും വേദനിപ്പിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനും നീതിന്യായ വ്യവസ്ഥ നിലനിർത്താനും ഭരണപരമായ ചില നടപടികൾ സ്വീകരിക്കണം.' ജസ്റ്റീസ് ഭരദ്വാജ് പറഞ്ഞു.
"നമ്മൾ നമ്മുടെ വ്യവസ്ഥിതിയെ വളരെയധികം ബഹുമാനിക്കുന്നുണ്ട്. ഓരോ ജഡ്ജിമാരെയും വളരെയധികം ബഹുമാനിക്കുന്നു. ഇതറിഞ്ഞ് ഞങ്ങൾ ഞെട്ടിപ്പോയി, ആത്മവീര്യം തകർന്നിരിക്കുന്നു. ദയവായി നടപടികൾ സ്വീകരിക്കുക. എന്റെ വേദന ഇനി ഞാൻ പ്രകടിപ്പിക്കുന്നില്ല, എന്റെ പല സഹോദരങ്ങളുടെയും വേദനയാണ് ഞാൻ പ്രകടിപ്പിക്കുന്നതെന്ന് എനിക്ക് ഉറപ്പുണ്ട്. അത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ദയവായി നടപടികൾ സ്വീകരിക്കുക.- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്പ്രീംകോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനപ്രകാരം ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേക്ക് തിരികെ സ്ഥലം മാറ്റുമെന്നാണ് റിപ്പോർട്ട്.
സ്ഥലംമാറ്റത്തിന് പുറമേ, അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൊളീജിയം അംഗങ്ങളിൽ ചിലർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.