വീണാ ജോർജിന് കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാൻ അവസരം നിഷേധിച്ചത് പ്രതിഷേധാർഹം: പി.കെ.ശ്രീമതി
Friday, March 21, 2025 12:35 PM IST
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയെ കാണാൻ ആരോഗ്യമന്ത്രി വീണാ ജോർജിന് അവസരം നിഷേധിച്ചത് പ്രതിഷേധാർഹമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി.
മണിക്കൂറുകൾ യാത്ര ചെയ്ത് ഡൽഹിയിലെത്തി കാത്തിരുന്നിട്ടും കാണാൻ അനുവാദം നൽകാതെ ഇരുന്നത് മാധ്യമങ്ങൾ ചർച്ച പോലും ചെയ്തില്ല. അവസരം കൊടുക്കാത്ത കേന്ദ്രമന്ത്രിയെ വിമർശിക്കാത്ത മാധ്യമങ്ങൾ വീണാ ജോർജിനെ കടുത്ത വിമർശനത്തിന് വിധേയമാക്കുകയാണെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
കേന്ദ്ര മന്ത്രിയെ കാണാൻ അവർ പലവട്ടം ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഡൽഹിയിലുണ്ടായിരുന്ന തനിക്ക് അവരുടെ പരിശ്രമം നേരിട്ട് കാണാൻ കഴിഞ്ഞു. വീണാ ജോർജിനെ വ്യക്തിപരമായി തകർക്കാനും ആക്രമിക്കാനും ശ്രമിക്കുന്ന പ്രതിപക്ഷത്തിനും അവരുടെ പത്രമാധ്യമങ്ങൾക്കും അതൊരു വിഷയമേ ആയില്ല.
രാത്രി ഉറക്കം കളഞ്ഞ് രാവിലെ തന്നെ മന്ത്രി ഡൽഹിയിലെത്തിയത് വൈകുന്നേരം നടക്കുന്ന പരിപാടിക്കു വേണ്ടിയാണ് എന്ന് വിവക്ഷ. ഹൃദയം പറിച്ചെടുത്ത് കാണിച്ചാലും ചെമ്പരത്തി പൂവ് ആണെന്ന് പറയുന്നവരോട് എന്തു പറയാനെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.