കുറുപ്പംപടി പോക്സോ കേസ്; പെണ്‍കുട്ടികളെ സിഡബ്ല്യുസി ഏറ്റെടുത്തു
Friday, March 21, 2025 10:42 AM IST
പെരുന്പാവൂർ: കുറുപ്പംപടിയിൽ പീഡനത്തിനിരയായ പെൺകുട്ടികളുടെ സംരക്ഷണം ശിശുക്ഷേമ സമിതി (സിഡബ്ല്യുസി) ഏറ്റെടുത്തു. കുട്ടികളുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി.
അതേസമയം കുട്ടികൾ പീഡനത്തിനിരയായെന്ന വിവരം അമ്മയ്ക്ക് അറിയാമായിരുന്നുവെന്നാണ് അറസ്റ്റിലായ പ്രതി ധനേഷ് പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. കുട്ടികളുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം അമ്മയെ പ്രതി ചേർക്കുന്ന കാര്യത്തിൽ പോലീസ് അന്തിമ തീരുമാനമെടുക്കും.
പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍സുഹൃത്താണ് ധനേഷ്. 10,12,വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ രണ്ട് വർഷത്തോളം പീഡനത്തിനിരയായത്. സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.
കുട്ടികളിൽ ഒരാൾ പീഡനവിവരം ഒരു പേപ്പറിൽ എഴുതി സ്കൂളിലെ കൂട്ടുകാരിക്ക് കൊടുത്തു. ഇത് അധ്യാപികയുടെ കൈവശം കിട്ടി. അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.