കോഴിക്കോട്ട് നിർത്തിയിട്ടിരുന്ന കാറിൽനിന്നും 40 ലക്ഷം രൂപ കവർന്നു
Friday, March 21, 2025 7:16 AM IST
കോഴിക്കോട്: പൂവാട്ടുപറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി. പൂവാട്ടുപറമ്പ് കെയർ ലാന്റ് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്താണ് കവർച്ച നടത്തിയത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. ആനക്കുഴിക്കര സ്വദേശി റഹീസിന്റെ പണമാണ് നഷ്ടമായത്. കെഎൽ 11 ബിടി 2538 നമ്പർ കാറിലാണ് പണം സൂക്ഷിച്ചിരുന്നത്.
മാർച്ച് 19 ന് പകൽ 3.10 നും നാലിനും ഇടയിലാണ് മോഷണം നടന്നത്. കാറിന്റെ മുൻവശത്തെ ഗ്ലാസ് തകർത്തായിരുന്നു മോഷണം.
പണം ചാക്കിലാക്കിയാണ് കാറിൽ സൂക്ഷിച്ചതെന്ന് റഹീസ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ബൈക്കിലെത്തിയ രണ്ടു പേർ ചാക്കുമായി പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു. അതേസമയം, പണത്തിന്റെ ഉറവിടം സംബന്ധിച്ച് സംശയമുണ്ടെന്ന് പോലീസ് പറയുന്നു.