ദേശീയ ഗാനത്തിനിടെ ചിരിയും സംസാരവും; നിതീഷ് കുമാർ വിവാദത്തിൽ
Friday, March 21, 2025 12:13 AM IST
പാറ്റ്ന: ദേശീയ ഗാനം ആലപിക്കുന്നതിനിടെ ചിരിക്കുകയും സംസാരിക്കുകയും ചെയ്ത ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദത്തിൽ. പാറ്റ്നനയിൽ നടന്ന ഒരു കായിക പരിപാടിക്കിടെയാണ് സംഭവം.
ദേശീയ ഗാനം ആലപിക്കുന്നതിനിടെ നിതീഷ് കുമാർ, ഐഎഎസ് ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ദീപക് കുമാറിനോട് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതാണ് പ്രചരിക്കുന്ന വീഡിയോയിലുള്ളത്.
നിതീഷ് കുമാർ, ഉദ്യോഗസ്ഥന്റെ തോളിൽ തട്ടുന്നതും വേദിയിലുണ്ടായിരുന്ന ഒരാളെ നോക്കി കൈ കൂപ്പുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വീഡിയോ വൈറലായതോടെ, പ്രതിപക്ഷം വിമർശനവുമായി രംഗത്തെത്തി.
"ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ദയവായി ദേശിയഗാനത്തെ അപമാനിക്കരുത്. നിങ്ങൾ എല്ലാ ദിവസവും യുവാക്കളെയും വിദ്യാർഥികളെയും സ്ത്രീകളെയും പ്രായമായവരെയും അപമാനിക്കുന്നു. ചിലപ്പോൾ നിങ്ങൾ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ കൈയടിക്കുകയും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ പരിഹസിക്കുകയും ചെയ്യുന്നു. ചില സമയത്ത് നിങ്ങൾ ദേശീയഗാനത്തിനിടെ കൈയടിക്കുകയും ചെയ്യുന്നു.'
"ഒരു വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണെന്ന് നിങ്ങളെന്ന് ഞാൻ ഓർമിപ്പിക്കട്ടെ. കുറച്ച് നിമിഷങ്ങൾ പോലും നിങ്ങൾക്ക് മാനസികമായും ശാരീരികമായും സ്ഥിരതയില്ല. നിങ്ങൾ ഇത്രെയും അവസ്ഥയിൽ ആയിരിക്കുന്നത് സംസ്ഥാനത്തിന് വളരെയധികം ആശങ്കാജനകമാണ്. ബീഹാറിനെ ഇങ്ങനെ വീണ്ടും വീണ്ടും അപമാനിക്കരുത്' -തേജസ്വി യാദവ് വിമർശിച്ചു.