ആശമാരുടെ ഓണറേറിയം കേന്ദ്രം വർധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാനവും വർധിപ്പിക്കും; മുഖ്യമന്ത്രി
Thursday, March 20, 2025 7:45 PM IST
തിരുവനന്തപുരം: ആശ പ്രവർത്തകരുടെ ഓണറേറിയം കേന്ദ്രം വർധിപ്പിക്കുന്നത് അനുസരിച്ച് സംസ്ഥാന സർക്കാരും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ആശമാരുടെ സമരം തീർക്കാൻ ഇടപെടണമെന്ന് യോഗത്തിൽ സിപിഐയും ആർജെഡിയും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം ആശ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ഇനിയും സമയം തേടുമെന്നും വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് രണ്ട് നിവേദനങ്ങള്‍ സമര്‍പ്പിച്ചു. റസിഡന്റ് കമ്മീഷണർ വഴിയാണ് നിവേദനം സമർപ്പിച്ചതെന്നും മന്ത്രി അറിയിച്ചു.
ബുധനാഴ്ച നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയോട് വിഷയം ഉന്നയിക്കുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. ബുധനാഴ്ച മാത്രമാണ് ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് മന്ത്രി സമയം തേടിയത്. പാർലമെന്റ് സമ്മേളനവും നടക്കുന്നതിനാൽ കൂടിക്കാഴ്ചയ്ക്ക് അനുമതിയും ലഭിച്ചില്ല.