70 കൊല്ലമായി കമ്മ്യൂണിസ്റ്റ് പർട്ടിയിൽ; നടപടി നേരിട്ടാലും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്ന് ഇസ്മയിൽ
Thursday, March 20, 2025 5:52 PM IST
പാലക്കാട്: പാർട്ടിയിൽ നിന്ന് സസ്പെൻഡുചെയ്തതുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സിപിഐ നേതാവ് കെ.ഇ. ഇസ്മയിൽ. താൻ 70 കൊല്ലത്തോളമായി കമ്മ്യൂണിസ്റ്റ് പർട്ടിയിൽ പ്രവർത്തിക്കുകയാണ്. നടപടി നേരിട്ടാലും ഇനിയും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെ പാർട്ടിയിൽനിന്നും സസ്പെൻഡ് ചെയ്യാൻ ശിപാർശചെയ്തിരുന്നു. എണറാകുളം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന പി.രാജുവിന്റെ മരണത്തിനു പിന്നാലെ നടത്തിയ പ്രതികരണത്തിലാണ് നടപടിക്ക് ശിപാർശ.
ആറ് മാസത്തേയ്ക്ക് സസ്പെൻഡ് ചെയ്യണമെന്ന് സിപിഐ എക്സിക്യൂട്ടീവിലാണ് നിർദേശമുണ്ടായത്. തീരുമാനം സംസ്ഥാന കൗണ്സിലിനെ അറിയിക്കും. മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.
ജില്ലാ മുൻ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പി. രാജുവിനെതിരായ പാർട്ടി നടപടിയിൽ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തിലാണ് രാജു സംഘടനാ നടപടിക്ക് വിധേയനായത്.
എന്നാൽ അദ്ദേഹം കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചല്ല. ഇക്കാര്യം പാർട്ടി പരിശോധിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അന്ന് നൽകിയ പ്രതികരണത്തിൽ ഇസ്മയിൽ പറഞ്ഞിരുന്നു.
രാജുവിനെ ചിലർ വേട്ടയാടിയിരുന്നുവെന്നും ഇസ്മയിൽ ആരോപിച്ചിരുന്നു. രാജുവിന്റെ സംസ്കാര ചടങ്ങിൽ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ പാർട്ടി രാജുവിനെ വ്യക്തിഹത്യ നടത്തി. ദീർഘകാലത്തെ സൽപ്പേര് കളങ്കപ്പെടുത്താൻ ശ്രമിച്ചത് അദ്ദേഹത്തിന് വലിയ ആഘാതമായിരുന്നുവെന്നും ഇസ്മയിൽ ആരോപിച്ചിരുന്നു.
ഫെബ്രുവരി 27 ന് ആണ് മുൻ എംഎൽഎ കൂടിയായ പി. രാജു അന്തരിച്ചത്.