ആശമാർക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷം; സമരത്തിന് പരിഹാരം ഉണ്ടാകും വരേ കൂടെയുണ്ടാകും: വി.ഡി. സതീശൻ
Thursday, March 20, 2025 4:55 PM IST
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് മാർച്ച് നടത്തി. രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിച്ച മാർച്ചിൽ പ്രതിപക്ഷ നേതാവിനൊപ്പം എംഎൽഎമാരും നേതാക്കളും പങ്കെടുത്തു.
സമരപ്പന്തലിൽ എത്തിയ പ്രതിപക്ഷ നേതാവ് ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സമരത്തെ അതിക്ഷേപിക്കാനും പരിഹസിക്കാനുമാണ് മന്ത്രിമാർ അടക്കം ആദ്യം മുതൽ ശ്രമിച്ചത്. ഇതിനെതിരായി പ്രതിപക്ഷം ശക്തിയായി പ്രതികരിച്ചു.
സമരം തീർക്കണമെന്ന് മുഖ്യമന്ത്രിയോട് ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. തുടർന്ന് ഇന്നലെ നടന്ന രണ്ട് ചർച്ചകളും പരാജയപ്പെട്ടു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇനിയും മുൻകൈയെടുത്ത് പ്രശ്ന പരിഹാരത്തിനായി ശ്രമിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
തങ്ങൾക്ക് ഇതിൽ രാഷ്ട്രീയമില്ല. ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയാൽ സർക്കാരിനെ ആദ്യം അഭിനന്ദിക്കുന്നത് പ്രതിപക്ഷം ആയിരിക്കും. സമരത്തിന് ന്യായമായ പരിഹാരം ഉണ്ടാകും വരേ പ്രതിപക്ഷം കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, കെ.കെ. രമ, അനൂപ് ജേക്കബ്, മോൻസ് ജോസഫ് തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.
അതേസമയം മുപ്പത്തൊന്പതാം ദിവസത്തിലേക്ക് കടന്ന ആശാ പ്രവർത്തകരുടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇന്ന് രാവിലെ പതിനൊന്നു മുതലാണ് നിരാഹാരത്തിന് തുടക്കമായത്.