ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; സമരപ്പന്തലിലേക്ക് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ മാർച്ച്
Thursday, March 20, 2025 3:32 PM IST
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ സമരപ്പന്തലിലേക്ക് മാർച്ച് നടത്തും. രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന മാർച്ചിൽ പ്രതിപക്ഷ നേതാവിനൊപ്പം എംഎൽഎമാരും നേതാക്കളും പങ്കെടുക്കും.
അതേസമയം മുപ്പത്തൊന്പതാം ദിവസത്തിലേക്ക് കടന്ന ആശാ പ്രവർത്തകരുടെ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഇന്ന് രാവിലെ പതിനൊന്നു മുതലാണ് നിരാഹാരത്തിന് തുടക്കമായത്.
ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. ബിന്ദു, സമരസമിതി നേതാക്കളായ തൃക്കണ്ണാപുരം സ്വദേശി തങ്കമണി, പുതുക്കുറുച്ചി സ്വദേശി ഷീജ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. ഡോ. കെ.ജി. താര നിരാഹാര സമരം ഉദ്ഘാടനം ചെയ്തു.
ബുധനാഴ്ച എൻഎച്ച്എം ഡയറക്ടറും ആരോഗ്യമന്ത്രി വീണാ ജോർജും ആശാപ്രവർത്തകരുടെ നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് മുൻനിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ആശമാർ നിരാഹാരസമരവുമായി മുന്നോട്ട് പോയത്.
സമരം അവസാനിപ്പിച്ച് മടങ്ങിപ്പോകാനാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാനുള്ള മനസ് മന്ത്രി കാട്ടിയില്ലെന്നും സമരസമിതി നേതാക്കൾ വ്യക്തമാക്കിയിരുന്നു.
ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ആനുകൂല്യം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ആശാ വർക്കർമാരുടെ സമരം.