ഛത്തീസ്ഗഡിൽ രണ്ടിടങ്ങളിലായി ഏറ്റുമുട്ടൽ; 22 മാവോയിസ്റ്റുകളെ വധിച്ചു
Thursday, March 20, 2025 2:59 PM IST
റായ്പൂര്‍: ഛത്തീസ്ഗഡിലെ രണ്ടിടങ്ങളിലായുണ്ടായ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ 18 മാവോയിസ്റ്റുകളെയാണ് വധിച്ചത്. വൻ ആയുധശേഖരവും ഇവിടെനിന്ന് പിടികൂടി.
ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ മാവോയിസ്റ്റുകള്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. ദൗത്യത്തിനിടെ ഉദ്യോഗസ്ഥരില്‍ ഒരാള്‍ വീരമൃത്യു വരിച്ചു. ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിലെ പോലീസ് ഉദ്യോഗസ്ഥനാണ് വീരമൃത്യു വരിച്ചത്.
അതേസമയം കാങ്കീറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. മേഖലയിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.
മാവോയിസ്റ്റുകൾക്കെതിരേയുള്ള നടപടിയിൽ സുരക്ഷാസേനാംഗങ്ങള്‍ക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദനങ്ങള്‍ നേര്‍ന്നു. അടുത്ത വര്‍ഷം മാര്‍ച്ച് 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കുമെന്നും ഷാ എക്സില്‍ കുറിച്ചു.