പുലിയായി ദമ്പതികൾ; വളർത്തുനായയെ രക്ഷിക്കാൻ പുള്ളിപ്പുലിയെ കൊന്നു
Thursday, March 20, 2025 2:57 PM IST
രത്നഗിരി: വളർത്തുനായയെ രക്ഷിക്കാൻ മാനസികാരോഗ്യ വിദഗ്ധനും ഭാര്യയും പുള്ളിപ്പുലിയുമായി അരമണിക്കൂറോളം പോരാടി. മധ്യവയസ്കരായ ദന്പതികളുടെ ആക്രമണത്തിൽ ഒടുവിൽ പുലി ചത്തു.
മഹാരാഷ്ട്രയിലെ രത്നഗിരിയിൽ തൊണ്ടാലി വരേലി സ്വദേശിയായ ആശിഷ് മഹാജന്റെ (55) വീട്ടിലായിരുന്നു സംഭവം. വളർത്തുനായ അസാധാരണമായി കുരയ്ക്കുന്ന ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയ ആശിഷ് മഹാജൻ വളർത്തുനായയെ ആക്രമിക്കുന്ന പുള്ളിപ്പുലിയെയാണു കണ്ടത്.
കൈയിലുണ്ടായിരുന്ന ഫ്ലാഷ് ലൈറ്റ് ഉപയോഗിച്ച് പുള്ളിപ്പുലിയെ ഓടിക്കാൻ ശ്രമിച്ച് ഫലം കാണാതെ വന്നപ്പോൾ ഭാര്യ കത്തിയുമായി എത്തി. തുടർന്നു കത്തിയുമായി ആശിഷ് പുള്ളിപ്പുലിയുടെ ദേഹത്തേക്ക് ചാടിവീണ് ആക്രമിക്കുകയായിരുന്നു.
രണ്ടു വയസ് പ്രായം വരുന്ന പെൺ പുള്ളിപ്പുലിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും കാലിലും കഴുത്തിലും ആഴത്തിലേറ്റ മുറിവാണ് പുള്ളിപ്പുലിയുടെ ജീവൻ നഷ്ടമായതിന് കാരണമെന്നാണ് വിലയിരുത്തൽ.
വനംവകുപ്പ് അധികൃതരെത്തി സംഭവസ്ഥലം പരിശോധിച്ചു. വളർത്തുനായയുടെ ദയനീയമായ കരച്ചിലാണ് ഇത്തരമൊരു സാഹസത്തിലേക്ക് പ്രേരിപ്പിച്ചതെന്നാണ് ആശിഷ് മഹാജൻ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. പൂനെയിൽ മാനസികാരോഗ്യ വിദഗ്ധനായിരുന്ന ആശിഷ് മഹാജൻ വിരമിച്ചശേഷം രണ്ട് വർഷം മുൻപാണു രത്നഗിരിയിൽ താമസമാക്കിയത്.