തരൂരിനെ പുകഴ്ത്തിയിട്ടില്ല, പല തെറ്റുകൾ ചെയ്യുമ്പോഴും മോദി ഒരു ശരി ചെയ്തുവെന്ന് ജോൺ ബ്രിട്ടാസ്
Thursday, March 20, 2025 1:37 PM IST
ന്യൂഡൽഹി: ശശി തരൂരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പുകഴ്ത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ്. റഷ്യയെ ഉപരോധിക്കരുതെന്ന് സിപിഎം മുൻപ് പറഞ്ഞപ്പോൾ തരൂർ പരിഹസിച്ചതാണ്. ഇപ്പോൾ തരൂർ നിലപാട് മാറ്റിയതാണ് താൻ തുറന്നുകാട്ടിയതെന്നും ബ്രിട്ടാസ് പറഞ്ഞു.
റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് മോദി തുടർന്നത് ശരിയായ നിലപാടായിരുന്നു. പല തെറ്റുകൾ ചെയ്യുമ്പോഴും മോദി ഒരു ശരി ചെയ്തു. അമേരിക്കൻ വിധേയത്വത്തിന്റെ കാര്യത്തിൽ ബിജെപിക്കും കോൺഗ്രസിനും ഒരേ നിലപാടാണെന്നും ജോൺ ബ്രിട്ടാസ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് ശശി തരൂരിന്റെ പ്രസ്താവനയെ പിന്തുണച്ച് ജോൺ ബ്രിട്ടാസ് രംഗത്തെത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ സമ്മർദത്തിന് ഇന്ത്യ വഴങ്ങരുതെന്ന് ഇടതുപാർട്ടികൾ മുമ്പ് പറഞ്ഞിരുന്നു. ശശി തരൂർ അഭിനന്ദിക്കേണ്ടത് ഇടത് പാർട്ടികളെയാണ്.
പാശ്ചാത്യ സമ്മർദത്തിനു വഴങ്ങാതെ റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനം സ്വാഗതാർഹമാണ്. ശശി തരൂർ കോൺഗ്രസിന്റെ വിലപിടിപ്പുള്ള നേതാണെന്നുമാണ് ജോൺ ബ്രിട്ടാസ് പ്രതികരിച്ചത്.