തീരദേശ റോഡ് ഉപരോധിച്ച് മത്സ്യത്തൊഴിലാളികൾ
Thursday, March 20, 2025 1:06 PM IST
തിരുവനന്തപുരം: അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾ റോഡ് ഉപരോധിച്ചു. മുതലപ്പൊഴി അഴിമുഖത്തെ മണൽനീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെയാണ് റോഡ് ഉപരോധം തുടങ്ങിയത്.
അഞ്ചുതെങ്ങ്- പെരുമാതുറ റോഡാണ് ഉപരോധിച്ചത്. ഇതേ തുടർന്ന് വാഹനയാത്രക്കാർ റോഡിൽ കുടുങ്ങി. ജില്ലാ കളക്ടർ സ്ഥലത്തെത്തി ചർച്ച നടത്തി വ്യക്തമായ ഉറപ്പ് നൽകിയാൽ മാത്രമേ ഉപരോധം അവസാനിപ്പിക്കുകയുള്ളുവെന്നാണ് മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കുന്നത്.
മുതലപ്പൊഴിയിലെ അഴി മുഖത്തെ മണ്ണ് നീക്കം ചെയ്യുമെന്ന് നിരവധി തവണ അധികൃതർ ഉറപ്പ് നൽകിയെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു. ഇതേ തുടർന്ന് നിരവധി മത്സ്യത്തൊഴിലാളികൾ അഴിമുഖത്ത് അപകടത്തിൽപ്പെട്ട് മരണമടഞ്ഞിരുന്നു.