തരൂര്‍ പറഞ്ഞത് മോദി സ്തുതിയായി കാണേണ്ട; പിന്തുണച്ച് കെ.മുരളീധരന്
Thursday, March 20, 2025 12:47 PM IST
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസ്താവനയില്‍ ശശി തരൂരിനെ പിന്തുണച്ച് കെ.മുരളീധരന്. തരൂര്‍ പറഞ്ഞത് മോദി സ്തുതിയായി കാണേണ്ടെന്ന് മുരളീധരന് പറഞ്ഞു.
തരൂര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ ദേശീയ നേതൃത്വം അദ്ദേഹത്തെ തിരുത്തും. ശശി തരൂര്‍ നേരത്തേ പാര്‍ലമെന്റില്‍ പറഞ്ഞതാണ് പാര്‍ട്ടി നയം. റഷ്യ-യുക്രെയ്ന് വിഷയത്തില്‍ മുയലിനൊപ്പം ഓടുകയും വേട്ടപട്ടിക്കൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് മോദി സ്വീകരിച്ചത്. ഇതാകാം തരൂര്‍ പറഞ്ഞതെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേലിന്റെ ഗാസയിലേക്കുള്ള കടന്നുകയറ്റത്തെക്കുറിച്ച് കൂടി തരൂര്‍ പരാമര്‍ശിക്കേണ്ടതായിരുന്നു. ഗാസയിലെ ഇപ്പോഴത്തെ വിഷയത്തിന് കാരണം ട്രംപാണ്. അക്കാര്യത്തില്‍ പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. ഇതിനെ അപലപിക്കാന്‍ കൂടി തരൂര്‍ തയാറാകണമായിരുന്നെന്നും മുരളീധരന് പ്രതികരിച്ചു.