വ്യാജ ആപ് ഉപയോഗിച്ച് വ്യാപാരികളെ വഞ്ചിച്ചു; വിദ്യാർഥികൾ പിടിയിൽ
Thursday, March 20, 2025 10:47 AM IST
പാലക്കാട്: ചെർപ്പുളശേരിയിൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു സാധനങ്ങൾ വാങ്ങിയശേഷം വ്യാജ ആപ് ഉപയോഗിച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ട് വിദ്യാർഥികൾ പിടിയിൽ. വ്യാപാരികളാണ് വിദ്യാർഥികളെ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു.
ചെർപ്പുളശേരിയിലെ വസ്ത്ര വിൽപനശാലയിലും ഫാൻസി കടയിൽനിന്നും സാധനങ്ങൾ വാങ്ങിയ വിദ്യാർഥികൾ വ്യാജ ആപ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിനെ തുടർന്നാണ് കടക്കാരുടെ പിടിയിലായത്.
ഗൂഗിൾ പേ വഴിയാണ് വിദ്യാർഥികൾ സാധനങ്ങൾക്ക് പണം നൽകിയത്. ആപ് ഉപയോഗിച്ച് സ്കാൻ ചെയ്ത് പണം അയച്ചതായി ഇവർ ഭാവിച്ചു. തുക അയച്ചതിന്റെ ചിഹ്നം മൊബൈൽ ഫോണിൽ കാണിച്ചെങ്കിലും കട ഉടമയുടെ അക്കൗണ്ടിലേക്ക് തുക എത്തിയില്ല.
പണം കിട്ടിയില്ലെന്ന് മനസിലാക്കിയ കടയുടമ വിദ്യാർഥികളെ ചോദ്യം ചെയ്തതോടെയാണ് വ്യാജ ആപ് വിവരം അറിഞ്ഞതെന്നു വ്യാപാരികൾ പറയുന്നു. പിന്നീട് ഇവരെ താക്കീതു നൽകി വിട്ടയച്ചു. തൊട്ടടുത്ത ദിവസം മറ്റൊരു കടയിലെത്തി സമാനരീതിയിൽ തട്ടിപ്പു നടത്താൻ ശ്രമിച്ചതോടെയാണു വിദ്യാർഥികളെ പോലീസിനു കൈമാറിയത്.
സംഭവത്തിൽ ചെർപ്പുളശേരി പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർഥികളെ ചോദ്യം ചേയ്ത ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. കൂടുതൽ അന്വേഷണം നടത്തി ജുവനൈൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.