ആളുകളെ ഇറക്കിയത് പണം കൊടുത്ത്; ആശാ വർക്കർമാരുടെ സമരത്തെ അധിക്ഷേപിച്ച് എ.വിജയരാഘവന്
Wednesday, March 19, 2025 11:05 PM IST
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തെ അധിക്ഷേപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്. സമരം നടത്തുന്നത് യഥാര്‍ത്ഥ ആശമാരല്ല.
അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എടപ്പാൾ കാലടിയിലെ ടി.പി.കുട്ടേട്ടൻ അനുസ്മരണ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമരം മുഖ്യമന്ത്രി പിണറായി വിജയനെതിരല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് എതിരെയാണെന്നും ആശമാരുടെ സമരം ഗൂഢാലോചനയുടെ ഭാഗമാണെന്നും വിജയരാഘവൻ ആരോപിച്ചു.
സമരം നടത്തുന്നവർ ഉടൻ പോകുകയൊന്നുമില്ല. ആറ് മാസത്തെ സമരമാണ്. ആശ കഴിഞ്ഞാൽ അങ്കണവാടിയിൽ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാൻ ആണിതെന്നും എ.വിജയരാഘവൻ പറഞ്ഞു.