ആശാ വര്‍ക്കര്‍മാരുടെ സമരം; മന്ത്രി വീണാ ജോര്‍ജ് വ്യാഴാഴ്ച ഡല്‍ഹിക്ക്
Wednesday, March 19, 2025 9:38 PM IST
ന്യൂഡല്‍ഹി: ആശാ വർക്കർമാരുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ മന്ത്രി വീണാ ജോര്‍ജ് ഡല്‍ഹിയിലേക്ക്. വ്യാഴാഴ്ച ഡൽഹിയിൽ എത്തുന്ന വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി പ്രശ്നം ചർച്ച ചെയ്യും.
രാവിലെ ആറിന് തിരുവനന്തപുരത്തുനിന്നാണ് മന്ത്രി പുറപ്പെടുക. സമരക്കാർ ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തുന്നതോടൊപ്പം കേന്ദ്രം നല്‍കാനുള്ള തുക അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടേക്കും.
ഫെബ്രുവരി പത്തു മുതലാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ രാപ്പകല്‍ സമരം ആരംഭിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് ആശാവര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത്.