പാർട്ടി വിരുദ്ധ പ്രവർത്തനം; ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു
Wednesday, March 19, 2025 7:48 PM IST
കൊല്ലം: പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മുൻ എംപി ചെങ്ങറ സുരേന്ദ്രനെ സിപിഐ സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നടക്കം ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
ഗുരുവായൂർ ദേവസ്വം ബോർഡിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. ചെങ്ങറ സുരേന്ദ്രനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു.
ബുധനാഴ്ച ചേർന്ന സിപിഐ കൊല്ലം ജില്ലാ കൗൺസിലിൽ ഈ പരാതി ചർച്ച ചെയ്തു. തുടർന്ന് ചെങ്ങറ സുരേന്ദ്രനോട് വിശദീകരണം തേടി. വിശദീകരണം തൃപ്തികരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
13,14 ലോകസഭകളിൽ അടൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള അംഗമായിരുന്നു ചെങ്ങറ സുരേന്ദ്രൻ. പിന്നീട് മാവേലിക്കരയിൽ നിന്ന് മത്സരിച്ചെങ്കിലും കോൺഗ്രസിലെ കൊടിക്കുന്നിൽ സുരേഷിനോട് പരാജയപ്പെട്ടു.