ഡെഡ്മണി തട്ടിപ്പ്; പലരിൽനിന്നായി സഹോദരങ്ങള്‍ തട്ടിയെടുത്തത് ലക്ഷങ്ങള്‍; പോലീസ് കേസെടുത്തു
Wednesday, March 19, 2025 3:34 PM IST
തൃശൂർ: ഡെഡ് മണി തട്ടിപ്പിലൂടെ സഹോദരങ്ങള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് പരാതി. അനന്തരാവകാശികൾ ഇല്ലാതെ മരിച്ചവരുടെ നിക്ഷേപവും സ്വത്തും കിട്ടുമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
5000 രൂപ മുടക്കിയാൽ ഒരു കോടി രൂപ വരെ മടക്കി കിട്ടുമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് നിരവധി പേർ തട്ടിപ്പ് സംഘത്തിന് പണം നൽകിയെന്നാണ് വിവരം. നിക്ഷേപകരുടെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. പ്രവാസിയായ തൃശൂർ ആനന്തപുരം സ്വദേശി മോഹനന് മാത്രം 45 ലക്ഷം രൂപ നഷ്ടപ്പെട്ടു.
തൃശൂർ പെരിഞ്ഞനം സ്വദേശി ഹരി സ്വാമി, സഹോദരി ജിഷ, മാപ്രാണം സ്വദേശി പ്രസീത എന്നിവരാണ് കേസിലെ പ്രതികൾ. ഇറിഡിയം ലോഹ ശേഖരത്തിന്റെ പേരിലും ഇവർ നിക്ഷേപകരിൽനിന്ന് പണം വാങ്ങിയെന്ന് പോലീസ് പറയുന്നു.