മറ്റ് കോൺഗ്രസുകാരിൽനിന്ന് വ്യത്യസ്തൻ; തരൂരിന്റെ നിലപാട് പ്രശംസനീയമെന്ന് കെ.സുരേന്ദ്രൻ
Wednesday, March 19, 2025 2:54 PM IST
തിരുവനന്തപുരം: റഷ്യ- യുക്രെയ്ൻ യുദ്ധത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടിനെ പ്രശംസിച്ച ശശി തരൂരിനെ പുകഴ്ത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. തരൂരിന്റെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. മറ്റ് കോൺഗ്രസുകാരിൽനിന്ന് തരൂർ വ്യത്യസ്ഥനാണെന്ന് സുരേന്ദ്രൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
""പ്രിയപ്പെട്ട ശശി തരൂർ, ഞാൻ എപ്പോഴും നിങ്ങളുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. മോദി ഡിപ്ലോമസിയുടെ വിജയമാണ് റഷ്യ-യുക്രെയ്ൻ വിഷയത്തിലുണ്ടായതെന്ന് പറയുന്ന താങ്കളുടെ നിലപാട് പ്രശംസനീയമാണ്. മറ്റു കോൺഗ്രസുകാരിൽനിന്ന് വ്യത്യസ്ഥനായി, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ ഇന്ത്യയുടെ ആഗോള ഉയർച്ച നിങ്ങൾ കാണുന്നു'' എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയമാണ് ശരിയെന്നായിരുന്നു കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കികൊണ്ടുള്ള തരൂരിന്റെ പ്രസ്താവന. രണ്ടു രാജ്യങ്ങളുമായി നല്ല ബന്ധം നിലനിര്‍ത്താൻ മോദിക്ക് കഴിഞ്ഞുവെന്നും തരൂർ പറഞ്ഞു.
മോദിയുടെ നയത്തെ താൻ എതിര്‍ത്തത് അബദ്ധമായി. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ചപ്പോൾ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ താൻ പാർലമെന്റിൽ വിമർശിച്ചിരുന്നു. എന്നാൽ തന്റെ അന്നത്തെ നിലപാട് തെറ്റായിരുന്നുവെന്ന് ബോധ്യമായതായും തരൂർ പറഞ്ഞു.
ഒരേസമയം റഷ്യ, യുക്രെയ്ൻ പ്രസിഡന്റുമാർക്ക് സ്വീകാര്യനായ നേതാവായി മാറാൻ മോദിക്ക് കഴിഞ്ഞുവെന്നും രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിയുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ടെന്നുമായിരുന്നു പ്രശംസ.