കൊടുംചൂടിൽ ആശ്വാസമായി ഇന്നും വേനൽമഴയെത്തും; ഒപ്പം ഇടിമിന്നലും കാറ്റും: യെല്ലോ അലർട്ട്
Wednesday, March 19, 2025 2:41 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തിപ്രാപിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാ പ്രവചനം അനുസരിച്ച് മറ്റു ദിവസങ്ങളിലൊന്നും ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല.
അടുത്ത മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കനത്ത ചൂടിൽ ആശ്വാസമായി പലയിടങ്ങളിലും വേനൽമഴ ലഭിച്ചിരുന്നു.