"ഇതൊരു തുടക്കം മാത്രം': ഗാസയിലെ വ്യോമാക്രമണം നിർത്തില്ല, ഹമാസിനെ നശിപ്പിക്കുമെന്ന് നെതന്യാഹു
Wednesday, March 19, 2025 1:35 PM IST
ടെൽ അവീവ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണം ഒരു തുടക്കം മാത്രമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതു വരെ ഇസ്രയേൽ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ടെലിവിഷനിൽ റിക്കാർഡ് ചെയ്ത പ്രസ്താവനയിലാണ് നെതന്യാഹുവിന്റെ പ്രതികരണം.
ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മർദം അനിവാര്യമാണെന്നാണ് മുൻ മോചനങ്ങൾ തെളിയിച്ചത്. എല്ലാ വെടിനിർത്തൽ ചർച്ചകളും ഇതിനിടയിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
42 ദിവസത്തെ വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 404 പേരാണ് കൊല്ലപ്പെട്ടത്. 562 പേർക്ക് പരുക്കേറ്റു.
അതേസമയം, ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്നും ബന്ദികളുടെ ജീവൻ ഇസ്രയേൽ അപകടത്തിലാക്കുകയാണെന്നും ഹമാസ് പ്രതികരിച്ചു. സൗദി അറേബ്യ, സ്പെയിൻ, ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഗാസയിലേക്ക് ഇസ്രയേൽ നടപടിയെ ശക്തമായി അപലപിച്ചു.