സിനിമകളുടെ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്: മന്ത്രി സജി ചെറിയാന്
Wednesday, March 19, 2025 11:56 AM IST
തിരുവനന്തപുരം: സിനിമകളുടെ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. സിനിമയുടെ ഉള്ളടക്കത്തില്‍ ഇടപെടേണ്ടത് കേന്ദ്ര സെന്‍സര്‍ ബോര്‍ഡാണ്. സെന്‍സര്‍ ബോര്‍ഡിന്റെയും വാര്‍ത്താവിനിമയ വകുപ്പിന്റെയും ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവരുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
നിയമസഭയിലെ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അക്രമവാസനയും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളെ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാലാണ് സിനിമയുടെ ഉള്ളടക്കത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ പരിമിതിയുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്. അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോടും സെന്‍സര്‍ ബോര്‍ഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.