കണ്ണൂരിലെ പിഞ്ചുകുഞ്ഞിന്റെ കൊലപാതകം; മുന്‍പും കുഞ്ഞിനോട് സ്നേഹക്കുറവ് കാണിച്ചെന്ന് പന്ത്രണ്ടുകാരി
Wednesday, March 19, 2025 10:45 AM IST
കണ്ണൂര്‍: പാപ്പിനിശേരിയില്‍ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത് തന്നോടുള്ള സ്നേഹക്കുറവ് കാരണമെന്ന് പന്ത്രണ്ടുകാരിയുടെ മൊഴി. ഒരു മാസം മുമ്പും കുഞ്ഞിനോട് സ്നേഹക്കുറവ് കാണിച്ചു. കുഞ്ഞിന്റെ വാക്സിനേഷന് രേഖകള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞെന്ന് പെണ്‍കുട്ടി മൊഴി നല്കി.
കുഞ്ഞുവിന്റെ പിതാവായ മുത്തുവിന് തന്നോടുള്ള സ്നേഹക്കുറവാണ് കുഞ്ഞിനോടുള്ള ദേഷ്യത്തിന് കാരണമെന്നും പെൺകുട്ടി പറഞ്ഞു. വാക്സിനേഷന് രേഖകള്‍ കാണാതായെന്നും പിന്നീട് ഇത് കുറ്റിക്കാട്ടില്‍നിന്ന് കണ്ടെത്തിയെന്നും കുഞ്ഞിന്റെ മാതാപിതാക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
തമിഴ്നാട് സ്വദേശികളായ മുത്തു-അക്കമ്മൽ ദന്പതികളുടെ മകൾ യാസിക ആണ് ആണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അച്ഛന്റെ സഹോദരന്റെ മകളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ശുചിമുറിയിലേക്ക് പോകാനെന്ന വ്യാജേന എണ്ണീറ്റ ശേഷം ഉറങ്ങിക്കിടന്ന കുഞ്ഞിനെ എടുത്ത് കിണറ്റിലേക്ക് ഇടുകയായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പിന്നീട് ദമ്പതികളെ വിളിച്ച് കുഞ്ഞിനെ കാണാനില്ലെന്ന് അറിയിക്കുകയായിരുന്നു.
മാതാപിതാക്കളില്ലാത്ത പെണ്‍കുട്ടി മുത്തുവിന്റെയും അക്കമ്മലിന്റെയും സംരക്ഷണയിലാണ്. ദമ്പതികള്‍ക്ക് കുഞ്ഞ് ജനിച്ചപ്പോള്‍ തന്നോടുള്ള സ്നേഹം കുറയുമോ എന്ന ആശങ്കയാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വാടക ക്വാട്ടേഴ്സിന് സമീപത്തെ കിണറ്റിലാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് രാത്രി പോലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്.