നാല് മാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകം; പന്ത്രണ്ടുകാരിയെ ജുവനൈൽ ഹോമിലേക്ക് മാറ്റും
Wednesday, March 19, 2025 10:31 AM IST
കണ്ണൂർ: പാപ്പിനിശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുട്ടിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ 12 വയസുകാരിയെ ഇന്ന് ജുവനൈൽ ഹോമിലേക്ക് മാറ്റിയേക്കും. ഇതിന് മുന്നോടിയായി പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുമ്പിലും ഹാജരാക്കും.
കുട്ടിയെ ഇനി വിശദമായി ചോദ്യം ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. തമിഴ്നാട് പെരുമ്പല്ലൂർ സ്വദേശി മുത്തു-അക്കമ്മൽ ദന്പതികളുടെ മകൾ യാസികയാണു മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.15നാണ് പാറക്കലിൽ കുടുംബം താമസിക്കുന്ന വാടകക്വാർട്ടേഴ്സിലെ കിണറ്റിൽ നാലുമാസം പ്രായമായ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ക്വാർട്ടേഴ്സിലെ സെൻട്രൽ ഹാളിൽ അമ്മയുടെയും അച്ഛന്റെ സഹോദരങ്ങളുടെ കുട്ടികളുടെയും കൂടെ കിടന്നുറങ്ങിയതായിരുന്നു കുഞ്ഞ്.
12 വയസുകാരി രാത്രി ഒന്‍പതരയോടെ ശുചിമുറിയിൽ പോയി തിരിച്ചുവന്നപ്പോൾ കുഞ്ഞിനെ കാണുന്നില്ലെന്നു മറ്റുള്ളവരോട് പറയുകയായിരുന്നു. തുടർന്ന് തെരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. തുട ർന്ന് കെട്ടിടത്തിന്റെ മുകൾ നിലയിലെ താമസക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ അടുക്കളഭാഗത്തു നടത്തിയ തെരച്ചിലിലാണ് കുട്ടിയെ കിണറ്റിൽ കണ്ടെത്തിയത്.
ഉടൻ മറ്റുള്ളവരെ വിവരം അറിയിക്കുകയും രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കുട്ടിയെ പുറത്തെടുത്ത് പാപ്പിനിശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു.
വളപട്ടണം പോലീസെത്തി മൃതദേഹം ഇൻക്വസ്റ്റ് നടത്തിയശേഷം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം സംസ്കരിച്ചു.