മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം ഇന്ന്
Wednesday, March 19, 2025 9:07 AM IST
കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ സംസ്കാരം ഇന്നു രണ്ടിന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ നടക്കും.
രാവിലെ ഒന്‍പതു മുതൽ 11 വരെ എറണാകുളം ടൗൺഹാളിലും തുടർന്ന് തൈക്കൂടത്തുള്ള വീട്ടിലും പൊതുദർശനമുണ്ടാകും.
പ്രമുഖ ഗാനരചയിതാവും അന്യഭാഷാ സിനിമകളെ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി ശ്രദ്ധേയനുമായ മങ്കൊമ്പ് ഗോപാലകൃഷ്ണന് (78) കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് അന്തരിച്ചത്.
ഇരുനൂറിലേറെ മലയാള സിനിമകളിലായി എഴുനൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. പത്തോളം സിനിമകള്‍ക്കു തിരക്കഥയെഴുതി. ബാഹുബലി, ആര്.ആര്.ആര്, യാത്ര, ധീര, ഈച്ച, ദേവര തുടങ്ങി ഇരുനൂറിലേറെ ചിത്രങ്ങളുടെ മൊഴിമാറ്റ തിരക്കഥയും ഗാനങ്ങളും രചിച്ചു.
നാടകഗാനങ്ങളിലൂടെ ഗാനരചനാരംഗത്തേക്ക് കടന്നുവന്ന മങ്കൊമ്പ് ഗോപാലകൃഷ്ണന് എം.എസ്. വിശ്വനാഥന്, ദേവരാജന്‍, എം.കെ. അര്ജുനന്, ബോംബെ രവി, ബാബുരാജ്, ഇളയരാജ, എ.ആര്. റഹ്മാന്, കീരവാണി, ഹാരിസ് ജയരാജ് തുടങ്ങിയ പ്രമുഖ സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. കവി, കഥാകൃത്ത്, തിരക്കഥാകൃത്ത്, സംഭാഷണരചയിതാവ് എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.
1971ല്‍ പുറത്തിറങ്ങിയ ‘വിമോചനസമരം’എന്ന സിനിമയില്‍ ആദ്യമായി പാട്ടെഴുതി. 1974ല്‍ പുറത്തിറങ്ങിയ ‘അയലത്തെ സുന്ദരി’എന്ന ചിത്രത്തിലെ ‘ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോള്‍...’ എന്നാരംഭിക്കുന്ന ഗാനം സൂപ്പര്‍ഹിറ്റായി. ഇവിടമാണീശ്വര സന്നിധാനം, കാളിദാസന്റെ കാവ്യഭാവനയെ, ഗംഗയില്‍ തീര്‍ഥമാടിയ കൃഷ്ണശില, പാലരുവീ നടുവില്‍, ഒരു പുന്നാരം തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്തമായ പാട്ടുകളില്‍ ചിലതാണ്. ഭാര്യ: കനകമ്മ. മക്കള്‍: രേഖ (ചെന്നൈ), സ്വപ്ന (മുംബൈ), യദുകൃഷ്ണന് (നെതര്‍ലാന്‍സ്), ദിവ്യ (തൃക്കാക്കര).