സുനിതാ വില്യംസിന്റെ മടങ്ങിവരവ്; ജന്മനാടായ ജുലാസൻ ഗ്രാമത്തിലും ആഘോഷം
Wednesday, March 19, 2025 7:18 AM IST
ന്യൂഡൽഹി: ബഹിരാകാശത്തുനിന്നും സുനിതാ വില്യംസും സംഘവും തിരിച്ചെത്തിയതിൽ ജന്മനാടായ ജുലാസൻ ഗ്രാമത്തിലും ആഘോഷം. നിരവധി പേരാണ് സുനിതയുടെ മടങ്ങി വരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 3.27നാണ് സുനിത വില്യംസും സംഘവും ഭൂമിയിലെത്തിയത്.
അതേസമയം, ക്രൂ- 9 ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗൺ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്. നിക്ക് ഹേഗ് ആണ് യാത്രക്കാരിൽ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി.
യാത്രികരെ നിലവിൽ സ്ട്രെച്ചറിൽ വൈദ്യ പരിശോധനക്കായി മാറ്റി. സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാഗൺ പേടകം മെക്സിക്കൻ ഉൾക്കടലിൽ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെയാണ് ലാൻഡ് ചെയ്തത്. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിച്ചു. അങ്ങനെ മാസങ്ങൾ നീണ്ട ദൗത്യത്തിന് ശേഷമാണ് ക്രൂ 9 സംഘം ഭൂമിയിലെത്തിയത്.