ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽ
Tuesday, March 18, 2025 9:40 PM IST
ഇടുക്കി: കുടുംബ വഴക്കിനിടെ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം ഇടുക്കി മറയൂരിലുണ്ടായ സംഭവത്തിൽ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്.
സഹോദരൻ അരുണിനെ മറയൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ജഗൻ സ്ഥിരമായി മദ്യപിച്ചെത്തി പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം മദ്യപിച്ചെത്തിയ ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ഇതിനിടെയാണ് ജഗന് വെട്ടേറ്റത്. ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം ജഗന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.