കാതോലിക്കാ ബാവയുടെ സ്ഥാനാരോഹണം: സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നതിനെതിരെ ഹർജി
Tuesday, March 18, 2025 8:15 PM IST
കൊച്ചി: യാക്കോബായ സഭയുടെ നിയുക്ത കാതോലിക്കാബാവ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സ്ഥാനാരോഹണച്ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കുന്നതിനെതിരെ ഹൈക്കോടതിയിൽ ഹർജി. 25ന് ലെബനോനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സർക്കാർ പ്രതിനിധികളായി പങ്കെടുക്കുന്നത്.
യാക്കോബായ സഭയുടെ അധ്യക്ഷനെ വാഴിക്കുന്ന ചടങ്ങിലേക്ക് പൊതു ഖജനാവിൽ നിന്നു പണമെടുത്ത് സർക്കാർ പ്രതിനിധികളെ അയയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കുന്നംകുളം സ്വദേശി ഗിൽബർട്ട് ചീരൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കേന്ദ്ര, സംസ്ഥാന സർക്കാരുകളെ എതിർകക്ഷികളാക്കി നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു. വിഷയത്തിൽ സർക്കാരുകളോടു കോടതി വിശദീകരണം തേടിയിട്ടുണ്ട്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി ബുധനാഴ്ച പരിഗണിക്കും.