സുപ്രീംകോടതി ജഡ്ജിമാർ മണിപ്പൂരിലേക്ക്; സന്ദർശനം ശനിയാഴ്ച
Tuesday, March 18, 2025 6:13 PM IST
ന്യൂഡൽഹി: കലാപത്തെ തുടർന്ന് ജനജീവിതം താറുമാറായ മണിപ്പൂരിലേക്ക് സുപ്രീംകോടതി ജഡ്ജിമാരുടെ സംഘം എത്തുന്നു. സംസ്ഥാനത്തെ സ്ഥിതിയും കലാപ ബാധിതർക്കുള്ള സഹായവും വിലയിരുത്തുന്നതിനായി ആറ് ജഡ്ജിമാർ അടങ്ങുന്ന സംഘമാണ് എത്തുന്നത്.
ജസ്റ്റീസുമാരായ ബി.ആർ.ഗവായി, സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ, വിക്രം നാഥ്, എൻ.കെ.സിംഗ് തുടങ്ങവർ അടങ്ങുന്ന സംഘം ശനിയാഴ്ച മണിപ്പൂരിലെത്തും. കലാപ ബാധിത മേഖലകളിലെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കുന്നതിനൊപ്പം ജനങ്ങളുടെ നിലവിലെ സ്ഥിതിയും സംഘം വിലയിരുത്തും.
സംഘത്തിലെ അംഗമായ ജസ്റ്റീസ് എൻ.കെ.സിംഗ് മണിപ്പൂർ സ്വദേശിയാണ്. ജഡ്ജിമാരുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സംസ്ഥാനത്ത് ഒരുക്കുന്നത്.
മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട് വിവിധ കേസുകൾ നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കലാപത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് വനിതാ ജഡ്ജിമാർ അടങ്ങുന്ന സമിതിക്ക് സുപ്രീം കോടതി നേരത്തെ രൂപം നൽകിയിരുന്നു.