കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടി; ബ്ലോക്ക് പഞ്ചായത്ത് അംഗവും സുഹൃത്തും പിടിയിൽ
Tuesday, March 18, 2025 5:48 PM IST
ആലപ്പുഴ: കളഞ്ഞു കിട്ടിയ എടിഎം കാർഡ് ഉപയോഗിച്ച് പണം തട്ടിയ ബിജെപി നേതാവും സുഹൃത്തും പിടിയിൽ. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും മഹിളാ മോർച്ച ഭാരവാഹിയുമായ സുജന്യ ഗോപി (42) സുഹൃത്ത് കല്ലിശേരി വല്യത്ത് ലക്ഷ്മി നിവാസിൽ സലിഷ് മോൻ (46) എന്നിവരാണ് പിടിയിലായത്.
ചെങ്ങന്നൂർ സ്വദേശി വിനോദ് ഏബ്രഹാമിന്റെ എടിഎം കാർഡ് ഉപയോഗിച്ചാണ് ഇവർ പണം തട്ടിയത്. മാർച്ച് 14നാണ് എടിഎം കാർഡും പിൻനമ്പർ അടങ്ങുന്ന പേഴ്സും നഷ്ടപ്പെട്ടത്. പേഴ്സ് ഓട്ടോ ഡ്രൈവറായ സലിഷ് മോനാണ് ലഭിച്ചത്. തുടർന്ന് പേഴ്സ് ലഭിച്ച വിവരം സലിഷ് സുജന്യയെ അറിയിച്ചു.
പിന്നീട് ഇരുവരും ബുധനുർ, പാണ്ടനാട്, മാന്നാർ എന്നിവിടങ്ങളിലെ എടിഎം കൗണ്ടറുകളിൽ എത്തി 25,000 രൂപ പിൻവലിക്കുകയായിരുന്നു. തുക പിൻവലിച്ചതിന്റെ അറിയിപ്പ് മൊബൈലിൽ വന്നതോടെ വിനോദ് ചെങ്ങന്നൂർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്.