തിരുവനന്തപുരം കളക്ടറേറ്റിൽ തേനീച്ച ആക്രമണം; സബ് കളക്ടറിനു പരിക്ക്
Tuesday, March 18, 2025 4:54 PM IST
തിരുവനന്തപുരം: കളക്ടറേറ്റിലെ ബോംബ് ഭീഷണിയെക്കുറിച്ച് അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ തേനീച്ചയുടെ ആക്രമണം. പരിശോധന നടക്കുന്നതിനിടെ കളക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തേനീച്ചക്കൂട് ഇളകുകയായിരുന്നു.
തേനീച്ചയുടെ ആക്രമണത്തിൽ സബ് കളക്ടർ ഒ.വി. ആല്‍ഫ്രഡ് ഉൾപ്പടെയുള്ളവർക്കും വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്കും പരിക്കേറ്റു. തേനീച്ചയുടെ കുത്തേറ്റ നിരവധിപേർ ആശുപത്രിയിൽ ചികിത്സ തേടി.
ബോംബ് സ്ക്വാഡ് കെട്ടിടത്തിന് പുറത്ത് പരിശോധന നടത്തുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്. കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
കളക്ടറേറ്റ് പരിസരത്ത് നിരവധി തേനീച്ചക്കൂടുകൾ ഉണ്ടെന്നും അടിയന്തരമായി ഇവ നീക്കം ചെയ്യണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.