ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ല്, രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറി: ലോക്സഭയിൽ പ്രധാനമന്ത്രി
Tuesday, March 18, 2025 3:03 PM IST
ന്യൂഡല്‍ഹി: മഹാകുംഭമേളയെ പ്രകീര്‍ത്തിച്ച് ലോക്സഭയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം. കുംഭമേള ലോകത്തെ ഒന്നിപ്പിച്ചുവെന്നും രാജ്യത്തിന്റെ ആത്മാവ് വീണ്ടെടുത്തെന്നും മോദി പറഞ്ഞു. കുംഭമേളയ്ക്ക് വേണ്ടി പരിശ്രമിച്ച എല്ലാവര്ക്കും മുന്നില്‍ താന്‍ വണങ്ങുന്നുവെന്നും അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
മഹാ കുംഭമേളയുടെ രൂപത്തില്‍ ഇന്ത്യയുടെ മഹത്വം ലോകം മുഴുവന്‍ കണ്ടു. പുതിയ നേട്ടങ്ങള്‍ക്ക് പ്രചോദനമാകുന്ന ഒരു ദേശീയ ഉണര്‍വ് കുംഭമേളയില്‍ കണ്ടു. നമ്മുടെ ശക്തിയെയും കഴിവുകളെയും സംശയിക്കുന്നവര്‍ക്ക് ഉചിതമായ മറുപടി കൂടിയായിരുന്നു ഇത്. വരും തലമുറയ്ക്ക് ഉദാഹരണമായി മാറുന്ന മേളയാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നാനാത്വത്തിലെ ഏകത്വത്തിന്റെ പ്രദര്‍ശനമായിരുന്നു മഹാകുംഭമേള. അത് രാജ്യത്തിന്റെ പ്രത്യേകതയാണ്. മഹാകുംഭമേളയില്‍ എല്ലാ വ്യത്യാസങ്ങളും മാഞ്ഞുപോയി. ഇതാണ് രാജ്യത്തിന്റെ മഹത്തായ ശക്തി, ഏകത്വത്തിന്റെ ആത്മാവ് നമ്മളില്‍ ആഴത്തില്‍ വേരൂന്നിയതാണ് എന്ന് വ്യക്തമായി.
ഗാന്ധിജിയുടെ ദണ്ഡിയാത്ര പോലെ ചരിത്രത്തിലെ നാഴികക്കല്ലാണിത്. പല സ്ഥലങ്ങളില്‍ നിന്നു വന്നവര്‍ ഒറ്റ മനസോടെ സംഗമിച്ചു. രാജ്യത്തിന്റെ ഐക്യമായി കുംഭമേള മാറി. മഹാ കുംഭമേളയുടെ വിജയകരമായ സംഘാടനത്തിന് എല്ലാവര്ക്കും നന്ദി പറയുന്നു. ഉത്തര്‍പ്രദേശ്, പ്രയാഗ്രാജ് എന്നിവിടങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
രാജ്യത്തെ പുതിയ തലമുറ മഹാകുംഭമേളയുമായി യോജിക്കപ്പെട്ടു, പാരമ്പര്യത്തെയും വിശ്വാസത്തെയും അഭിമാനത്തോടെ സ്വീകരിച്ചു. വളരുന്ന ഇന്ത്യയുടെ ആത്മപ്രകാശനമായി പ്രയാഗ്രാജ് മഹാകുംഭമേള മാറി. ഇന്ത്യയുടെ ഐക്യത്തിന്റെ ശക്തി അതിനെ ശല്യപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളെയും തകര്‍ക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കുംഭമേളയ്ക്കിടെ നിരവധിപേര്‍ മരിച്ച കാര്യം പ്രധാനമന്ത്രി മറച്ചുവെച്ചുവെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് അവസരം നല്‍കിയതുമില്ല. തുടർന്ന് പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്സഭ ഉച്ചവരെ നിര്‍ത്തിവയ്ക്കുകയായിരുന്നു.