കൊല്ലത്തെ കൊലപാതകം; തേജസ് രാജ് ലക്ഷ്യമിട്ടത് യുവതിയെ കൊലപ്പെടുത്താൻ?
Tuesday, March 18, 2025 2:54 PM IST
കൊല്ലം: നഗരത്തിൽ വീട്ടിൽ കയറി വിദ്യാർഥിയെ കൊലപ്പെടുത്തിയശേഷം യുവാവ് ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. ഉളിയക്കോവിൽ വിളപ്പുറം സ്വദേശി ഫെബിൻ ജോർജ് ഗോമസ് ( 21) ആണ് കുത്തേറ്റ് മരിച്ചത്.
കൊലയ്ക്കുശേഷം നീണ്ടകര പുത്തൻതുറ സ്വദേശി തേജസ് രാജ് (23) ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.
ഫെബിന്റെ വീട്ടുകാരോടുള്ള വൈരാഗ്യമാണ് സംഭവങ്ങൾക്ക് പിന്നിലെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞു. മരിച്ച ഫെബിന്റെ സഹോദരിയും തേജസ് രാജും സഹപാഠികളും സുഹൃത്തുക്കളുമാണ്. ഇരുവീട്ടുകാരും തമ്മിൽ വലിയ അടുപ്പത്തിലായിരുന്നു എന്നും പോലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്.
എന്നാൽ ഫെബിന്റെ സഹോദരി അടുത്തിടെ തേജസുമായുള്ള സൗഹൃദത്തിൽനിന്ന് പിന്മാറി. ഇതേതുടർന്ന് തേജസ് ഫെബിന്റെ വീട്ടിലെത്തി സഹോദരിയെ വിവാഹം ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ഇത് ഫെബിന്റെ വീട്ടുകാർ വിലക്കിയതായും വിവരമുണ്ട്.
ഇതിന്റെ വൈരാഗ്യത്തിൽ യുവതിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് തേജസ് രാജ് വേഷം മാറി പർദ ധരിച്ച് ഉളിയക്കോവിലെ വീട്ടിൽ എത്തിയതെന്നാണു പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. കാറിൽ എത്തിയ തേജസ് കുപ്പിയിൽ പെട്രോളും കരുതിയിരുന്നു. ഇത് യുവതിയെ കൊലപ്പെടുത്താൻ വേണ്ടി കൊണ്ടുവന്നതാണെന്നും പോലീസ് അനുമാനിക്കുന്നു.
കോഴിക്കോട് ബാങ്കിൽ ഉദ്യോഗസ്ഥയായ ഫെബിന്റെ സഹോദരി സംഭവസമയം വീട്ടിൽ ഉണ്ടായിരുന്നില്ല. കാറിൽനിന്ന് പിന്നീട് പെട്രോൾ കുപ്പിയും പർദയും പോലീസ് കണ്ടെടുത്തു.
ആദ്യം ഫെബിനാണ് കുത്തേറ്റത്.
തടയാൻ എത്തിയ അച്ഛൻ ജോർജ് ഗോമസിനും കുത്തേറ്റു. ഇരുവരെയും ഉടൻ പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല. അച്ഛനെ പിന്നീട് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്.
ഫെബിന്റെ മാതാപിതാക്കളുടെ മൊഴികൾ ഈസ്റ്റ് പോലീസ് ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്ന് പോലീസ് പറയുന്നു. തേജസ് രാജിനെ അറിയാം എന്നാണ് അമ്മയുടെ മൊഴിയിൽ പറയുന്നത്.
മകൾക്ക് ഒപ്പം പഠിച്ചിട്ടുണ്ട്. എന്നാൽ ഇരുവരും തമ്മിലെ വിവാഹത്തിന് മകൾക്ക് താത്പര്യം ഇല്ലായിരുന്നു. അതിനാൽ മകൾക്ക് ഒപ്പം നിന്നു എന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്. എന്നാൽ അക്രമിയെ അറിയില്ല എന്നാണ് അച്ഛൻ മൊഴി നൽകിയത്.
ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താൻ അച്ഛന്റെ മൊഴി വീണ്ടും രേഖപ്പെടുത്താൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ജീവനൊടുക്കിയ തേജസ് രാജ് വിഷാദരോഗത്തിന് ചികിത്സയിലായിരുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.