അടിച്ചുതകർത്ത് മഴയും സീഫെർട്ടും! രണ്ടാം ട്വന്റി20യിലും പാക്കിസ്ഥാന് തോൽവി; കിവീസ് ജയം ആറുവിക്കറ്റിന്
Tuesday, March 18, 2025 1:50 PM IST
ഡ്യുനെഡിന്‍: പാക്കിസ്ഥാനെതിരായ രണ്ടാം ട്വന്റി20യില്‍ ന്യൂസിലന്‍ഡിന് ജയം. ഡ്യുനെഡിന്‍ യൂണിവേഴ്സിറ്റി ഓവലില്‍ മഴയെ തുടര്‍ന്ന് 15 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ആറുവിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഉയർത്തിയ 136 റണ്‍സ് വിജയലക്ഷ്യം 13.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു.
ടിം സീഫെര്‍ട്ട് (22 പന്തില്‍ 45), ഫിന് അലന് (16 പന്തില്‍ 38) എന്നിവരാണ് കിവീസിനു വേണ്ടി തിളങ്ങിയത്. മാര്‍ക് ചാപ്മാന് (ഒന്ന്), ഡാരില്‍ മിച്ചല്‍ (14), ജെയിംസ് നീഷം (അഞ്ച്) എന്നിവര്‍ പെട്ടെന്ന് മടങ്ങിയെങ്കിലും മൈക്കല്‍ ഹെ (16 പന്തില്‍ 21) കിവീസിനെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്വെല് (അഞ്ച്) പുറത്താകാതെ നിന്നു.
പാക്കിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് 20 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് അലി, ഖുഷ്ദിൽ ഷാ, ജഹാൻദാദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാക്കിസ്ഥാൻ ഒമ്പതുവിക്കറ്റ് നഷ്ടത്തിലാണ് 136 റണ്‍സ് അടിച്ചെടുത്തത്. ക്യാപ്റ്റന്‍ സല്മാന് ആഘ (46), ഷദാബ് ഖാന് (26), ഷഹീന് അഫ്രീദി (14 പന്തില്‍ പുറത്താവാതെ 22) എന്നിവരുടെ ഇന്നിംഗ്സുകളാണ് പാക്കിസ്ഥാനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
അതേസമയം, ഹസന് നവാസ് (0), മുഹമ്മദ് ഹാരിസ് (11), ഇര്ഫാന് ഖാന് (11), ഖുഷ്ദില്‍ ഷാ (രണ്ട്), അദ്ബുള്‍ സമദ് (11), ജഹാന്‍ദാദ് ഖാന് (പൂജ്യം), ഹാരിസ് റൗഫ് (ഒന്ന്) എന്നിവർ നിരാശപ്പെടുത്തി.
ന്യൂസിലൻഡിനു വേണ്ടി ഇഷ് സോധി, ജേക്കബ് ഡഫി, ബെന്‍ സീര്‍സ്, ജെയിംസ് നീഷം എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ന്യൂസിലന്‍ഡ് 2-0ന് മുന്നിലെത്തി.