നാഗ്പുരിൽ സംഘർഷം; വാഹനങ്ങൾ കത്തിച്ചു; നഗരത്തിൽ കർഫ്യൂ
Tuesday, March 18, 2025 12:25 PM IST
മുംബൈ: മുൻ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ നാഗ്പുരിൽ പ്രകടനം നടത്തിയതിനു പിന്നാലെ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് നഗരത്തിൽ നിരോധനാജ്ഞ ഏർപ്പെടുത്തി പോലീസ്. സംഘർഷബാധിത മേഖലകളും നഗരവും കനത്ത പോലീസ് കാവലിലാണ്.
ഇന്നലെ വൈകുന്നേരം 7.30 ഓടെ നാഗ്പുർ മഹലിലെ ചിറ്റ്നിസ് പാർക്ക് പ്രദേശത്താണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്. പഴയ ഭണ്ഡാര റോഡിനു സമീപമുള്ള ഹൻസപുരി പ്രദേശത്ത് രാത്രി 10:30 നും 11.30 നും ഇടയിൽ മറ്റൊരു സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങൾ കത്തിക്കുകയും പ്രദേശത്തെ വീടുകളും ഒരു ക്ലിനിക്കും നശിപ്പിക്കുകയും ചെയ്തു. 15 പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 20 ലേറെ പേർക്കു പരിക്കേറ്റു. 25ലേറെ ബൈക്കുകളും മൂന്നു കാറുകളും കത്തിച്ചു.
സംഭവത്തിൽ 65 കലാപകാരികളെ കസ്റ്റഡിയിലെടുത്തു. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമായെന്നാണു വിവരം.
മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്നും അല്ലെങ്കില്‍ ബാബറി മസ്ജിദിന്റെ സ്ഥിതി ആവർത്തിക്കുമെന്നുമാണ് സംഘപരിവാർ സംഘടനകളായ വിശ്വഹിന്ദു പരിഷത്തും ബജ്റംഗ് ദളും ഭീഷണി മുഴക്കിയത്. സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ അറിയിച്ചിരുന്നു.
പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ശവകുടീര പരിസരത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി തുടങ്ങിയവര്‍ സംയമനം പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്.