അൺഡോക്കിംഗ് വിജയം; ഡ്രാഗൺ പേടകം പുറപ്പെട്ടു, ഭൂമിയെ തൊടാൻ കാത്ത് സുനിതയും സംഘവും
Tuesday, March 18, 2025 11:03 AM IST
ന്യൂയോർക്ക്: ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശേഷം സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. സുനിത ഉൾപ്പെടെ നാലു യാത്രികർ കയറിയ ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നു വേർപെട്ടു. ഇതോടെ, പേടകം ഭൂമിയിലേക്ക് യാത്ര ആരംഭിച്ചു.
ഇന്ന് 8.15 ഓടെയാണ് പേടകം തിരിച്ചുവരവിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചത്. സ്പേസ് എക്സ് ക്രൂ 9 ഡ്രാഗൺ പേടകത്തെ ഐഎസ്എസുമായി ബന്ധപ്പെടുത്തുന്ന കവാടം അടയ്ക്കുന്ന ഹാച്ചിംഗ് ക്ലോഷർ വിജയിച്ചതോടെ രാവിലെ 10.15നാണ് അൺഡോക്കിംഗ് ആരംഭിച്ചത്. 10.35 ഓടെ ഈ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കി നിലയവുമായുള്ള ബന്ധം വേർപെടുത്തി പേടകം ഭൂമിയിലേക്കു യാത്ര തിരിച്ചു.
സുനിതയ്ക്കും ബുച്ചിനും പുറമേ നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും മടക്കയാത്രയില്‍ ഒപ്പമുണ്ട്. ഡ്രാഗണ്‍ പേടകത്തിന്റെ തിരിച്ചുവരവിന് അനുയോജ്യമായ കാലാവസ്ഥയാണെന്ന് നാസ അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 3.27 ഓടെ ഇരുവരും ഭൂമി തൊടും. അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉള്‍ക്കടലിലോ ആയിരിക്കും പേടകം പതിക്കുക.
സുനിത വില്യംസിനെയും ബുച്ച് വിൽമറിനെയും ഭൂമിയിൽ തിരിച്ചെത്തിക്കാൻ പുറപ്പെട്ട സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം ഞായറാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനുമായി സന്ധിച്ചത്.
ബഹിരാകാശത്ത് ഒന്നിലേറെ റിക്കാർഡുകൾ ഭേദിച്ചാണു സുനിതയുടെ മടക്കം. കഴിഞ്ഞ വർഷം ജൂണിലാണ് സുനിത വില്യംസ് അടങ്ങുന്ന സംഘം ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശത്തേക്കു പോയത്. പത്തു ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശ യാത്ര പോയ സംഘത്തിന്റെ മടക്കം പേടകത്തിലെ സാങ്കേതിക തകരാർ മൂലം നീണ്ടുപോകുകയായിരുന്നു.
പലതവണ ഇരുവരെയും മടക്കിക്കൊണ്ടുവരാൻ നാസ ശ്രമിച്ചുവെങ്കിലും ഹീലിയം ചോർച്ച, ത്രസ്റ്റർ തകരാർ, സ്റ്റാർലൈനറിന്റെ അപകടസാധ്യത എന്നിവ മുന്നിൽക്കണ്ട് മടക്കയാത്ര നീട്ടിവയ്ക്കുകയായിരുന്നു. ഒടുവിൽ സാങ്കേതികതകരാർ പരിഹരിച്ച് സ്റ്റാർലൈനർ പേടകം തനിയെ ഭൂമിയിലെത്തിയിരുന്നു.