അള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! കൂടുതല്‍ പതിച്ചത് കോന്നിയിലും കൊട്ടാരക്കരയിലും മൂന്നാറിലും
Tuesday, March 18, 2025 10:08 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളിൽ റെഡ്, ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലും പത്തനംതിട്ട ജില്ലയിലെ കോന്നിയിലും ഇടുക്കി ജില്ലയിലെ മൂന്നാറിലുമാണ്.
അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക.
ഇതുപ്രകാരം മൂന്ന് കേന്ദ്രങ്ങളിലും പത്താണ് രേഖപ്പെടുത്തിയത്. കൂടാതെ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി (ഒമ്പത്), ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ (ഒമ്പത്), മലപ്പുറം ജില്ലയിലെ പൊന്നാനി (ഒമ്പത്), പാലക്കാട് ജില്ലയിലെ തൃത്താല (എട്ട്) എന്നിങ്ങനെയാണ് ഓറഞ്ച് അലർട്ട് വരുന്ന പ്രദേശങ്ങള്‍.
അതേസമയം, എറണാകുളം ജില്ലയിലെ കളമശേരി (ഏഴ്), കോഴിക്കോട് ജില്ലയിലെ ബേപ്പൂർ (ഏഴ്), തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽശാല (ആറ്), തൃശൂർ ജില്ലയിലെ ഒല്ലൂർ (ആറ്), വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.