ജമ്മുകാഷ്മീരിൽ ഏറ്റുമുട്ടൽ; പാക് ഭീകരനെ വധിച്ചു
Tuesday, March 18, 2025 5:37 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ കുപ്വാര ജില്ലയിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ പാക്കിസ്ഥാൻ സ്വദേശിയായ ഭീകരൻ കൊല്ലപ്പെട്ടു.
പ്രത്യേക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പുലർച്ചയാണ് ഓപ്പറേഷൻ ആരംഭിച്ചത്. വളരെക്കാലമായി ഭീകര പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പാക്കിസ്ഥാൻ നിവാസിയായ സഫിയുള്ളയാണ് കൊല്ലപ്പെട്ടതെന്ന് ഹന്ദ്വാര എസ്എസ്പി, മുഷ്താഖ് അഹമ്മദ് ചൗധരി പറഞ്ഞു.
ഹന്ദ്വാര പോലീസ്, 21 രാഷ്ട്രീയ റൈഫിൾസ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) എന്നിവരടങ്ങുന്ന സുരക്ഷാ സേന ഒരു എകെ-47 റൈഫിൾ, നാല് മാഗസിനുകൾ, ഒരു ഗ്രനേഡ്, മറ്റ് കുറ്റകരമായ വസ്തുക്കൾ എന്നിവ സ്ഥലത്ത് നിന്ന് കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.
പ്രദേശം സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എസ്എസ്പി വ്യക്തമാക്കി.