തൃശൂരിൽ ഗുണ്ടാ ആക്രമണം; വീട്ടമ്മയ്ക്ക് വെട്ടേറ്റു
Monday, March 17, 2025 10:24 PM IST
തൃശൂർ: ഗുണ്ടാ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് വെട്ടേറ്റതായി പരാതി. തിങ്കളാഴ്ച വൈകുന്നേരം നാലരയ്ക്കുണ്ടായ സംഭവത്തിൽ താന്ന്യം സ്വദേശിനി ലീലയ്ക്കാണ് വെട്ടേറ്റത്. മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് ലീലയ്ക്കു വെട്ടേറ്റത്.
ലീലയുടെ വീടിന് സമീപത്തെ വീട്ടിൽ ഒരു സംഘം അക്രമികൾ കയറി ബഹളമുണ്ടാക്കുകയായിരുന്നു. ഉച്ചത്തിലുള്ള ശബ്ദം കേട്ട് കാരണമന്വേഷിക്കാൻ ലീലയുടെ മകൻ കയറിച്ചെന്നപ്പോൾ അക്രമി സംഘം ഇയാൾക്കു നേരെ തിരിയുകയായിരുന്നു.
മകനെ ഉപദ്രവിക്കുന്നത് തടയുന്നതിനിടെയാണ് ലീലയ്ക്ക് വെട്ടേറ്റത്. പ്രായപൂർത്തിയാകാത്ത ഒരാളെ തേടിയാണ് അക്രമികൾ എത്തിയതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.