വിദ്യാർഥിയെ വീട്ടിൽകയറി കുത്തിക്കൊന്നു; പ്രതി ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കി
Monday, March 17, 2025 9:03 PM IST
കൊല്ലം: ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന പ്രതി ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കി. കൊല്ലം ഫാത്തിമ മാതാ കോളജിലെ രണ്ടാം വർഷ ബിസിഎ വിദ്യാർഥി ഫെബിൻ ജോർജ് ഗോമസ് (22) ആണ് മരിച്ചത്.
കൊലപാതകശേഷം സ്ഥലത്തു നിന്ന് രക്ഷപെട്ട പ്രതി ചവറ സ്വദേശി തേജസ് രാജിന്റെ (22) മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. തിങ്കളാഴ്ച രാത്രി ഏഴിനാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കാറിലെത്തിയ പ്രതി ഉളിയക്കോവിലിലെ ഫെബിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു.

ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ഫെബിന്റെ പിതാവിനും പരിക്കേറ്റു. ഫെബിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി.
ഇത് തേജസ് ഉപയോഗിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഫെബിന്റെ കഴുത്തിനും കൈക്കും വാരിയെല്ലിനുമാണ് കുത്തേറ്റത്. പിതാവിന്റെ വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി.