വയനാട് പുനരധിവാസം; 2-ബി പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ ലഭിച്ചത് 238 പരാതികൾ, പാക്കേജ് അംഗീകരിക്കാതെ ഭൂരിപക്ഷം ദുരന്തബാധിതർ
Monday, March 17, 2025 8:28 PM IST
കൽപ്പറ്റ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് 2-ബി അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനിരിക്കെ ലഭിച്ചത് 238 പരാതികൾ. ബഹു ഭൂരിപക്ഷം ദുരന്ത ബാധിതരും സർക്കാർ പാക്കേജ് അംഗീകരിക്കുന്നില്ല.
51 പേർ മാത്രമാണ് ഇതുവരെ സമ്മതപത്രം നൽകിയത്. 47 പേരാണ് ഏഴ് സെന്റും വീടും എന്ന പാക്കേജിലെ വ്യവസ്ഥ അംഗീകരിച്ചത്. ടൗൺഷിപ്പിന് പുറത്ത് താമസം ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ എന്ന വ്യവസ്ഥ അംഗീകരിച്ചത് നാലു പേർ മാത്രമാണ്.
വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് വാസയോഗ്യമല്ലാത്ത സ്ഥലത്ത് വീട് ഉള്ളവരുടെ 2-എ അന്തിമ പട്ടിക നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 87 പേരാണ് 2-എ അന്തിമ പട്ടികയിൽ ഉള്ളത്.
അതേസമയം വയനാട് പുനരധിവാസത്തിനായി നെടുന്പാല എസ്റ്റേറ്റ് തൽക്കാലം ഏറ്റെടുക്കില്ലെന്ന് സർക്കാർ അറിയിച്ചിരുന്നു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന് മുൻപാകെ ഹാരിസണ്‍സ് മലയാളത്തിന്റെ അപ്പീലിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കും. 215 കുടുംബങ്ങളെയാണ് ആദ്യ ഘട്ടത്തിൽ പുനരധിവസിപ്പിക്കുകയെന്നും സർക്കാർ കോടതിയെ അറിയിച്ചു.