ഓട്ടോ കൂലി ചോദിച്ചതിന് ഡ്രൈവറെ ആക്രമിച്ച് ഫോണും പണവും കവർന്നു; പ്രതി പിടിയിൽ
Monday, March 17, 2025 7:50 PM IST
തൃശൂർ: ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന പ്രതി അറസ്റ്റിൽ. നാട്ടിക കാമ്പ്രത്ത് അഖിൽ (32) ആണ് അറസ്റ്റിലായത്.
ഫെബ്രുവരി 14 ന് രാത്രി നാട്ടിക പള്ളിക്ക് സമീപമാണ് കേസിനാസ്പദമായ സംഭവം. എറിയാട് കരിപ്പാക്കുളം അംജിദിനെ ആണ് ഇയാൾ ആക്രമിച്ച് കവർച്ച നടത്തിയത്. അംജിദിന്റെ ഓട്ടോയിൽനിന്നിറങ്ങിയ അഖിലിനോട് ഓട്ടോ കൂലി ചോദിച്ചതോടെ ഇയാൾ ഡ്രൈവറെ കരിങ്കല്ല് കൊണ്ട് ഉൾപ്പെടെ മർദിക്കുകയായിരുന്നു.
തുടർന്ന് പോക്കറ്റിൽ നിന്നും 15000 രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും തട്ടിപ്പറിച്ചുകൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് അംജിദ് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ പിടികൂടിയത്.