കൊടും ചൂടിൽ നിന്ന് ആശ്വാസം പകർന്ന് മഴയെത്തി; മലപ്പുറത്ത് വ്യാപക നാശം
Monday, March 17, 2025 5:11 PM IST
തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം പകർന്ന് സംസ്ഥാനത്ത് ചിലയിടങ്ങളിൽ കനത്ത മഴ പെയ്തു. തിങ്കളാഴ്ച ഉച്ചയോടെ ആരംഭിച്ച മഴയിലും കാറ്റിലും മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി.
മരങ്ങളും വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞു വീണ് നിലമ്പൂർ - കരുളായി റോഡിൽ ഗതാഗതം തടസപ്പെട്ടു. നിലമ്പൂർ ഗവ.യുപി സ്കൂളിൽ നിർമാണത്തിലിരുന്ന മതിൽ മഴയിൽ തകർന്നു വീണു. അപകട സമയത്ത് വിദ്യാർഥികൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
വാണിയമ്പലം റെയിൽവേ സ്റ്റേഷനു സമീപം മരം വീണ് നിരവധി വാഹനങ്ങൾക്കു കേടുപാടുകൾ സംഭവിച്ചു. അപ്രതീക്ഷിതമായി പെയ്ത മഴയിൽ വണ്ടൂരിലും കനത്ത നാശനഷ്ടമുണ്ടായി. താഴ്ന്ന പ്രദേശങ്ങളിലെ കടകളിലും വീടുകളിലും വെള്ളം കയറി.
പത്തനംതിട്ട ജില്ലയിൽ കോന്നി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.